വിനോദ സഞ്ചാരം എന്നത് പലർക്കും അടങ്ങാത്ത ഒരു അഭിനിവേശമാണ്. ജീവിതത്തിൽ വ്യത്യസ്തമായ നിരവധി അനുഭവങ്ങളാണ് ഓരോ യാത്രകളും സമ്മാനിക്കുക. പ്രകൃതിയുടെ മനോഹാരിതയും വന്യമൃഗങ്ങളുടെ സവിശേഷതകളും നേരിട്ട് കാണാൻ സാധിക്കുന്ന ഒരു ത്രില്ലിംഗ് അനുഭവം തന്നെയാണ് വനത്തിലേക്കുള്ള ട്രെക്കിംഗ്.
ഇന്ത്യയിൽ വിനോദ സഞ്ചാരികൾക്ക് വിവിധ സംസ്ഥാനങ്ങളിൽ വനത്തിനുള്ളിലേയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ പോയി വന്യമൃഗങ്ങളെ കാണാനുള്ള അവസരങ്ങളുണ്ട്. കൃത്യമായ അനുമതിയോടെ വനത്തിലേക്കുള്ള ട്രെക്കിംഗ് വിവിധയിടങ്ങളിൽ സാധ്യമാണ്. വനത്തിലേയ്ക്ക് ട്രെക്കിംഗ് നടത്തുന്നത് സാഹസികമായ കാര്യമാണെങ്കിലും അത്തരം യാത്രകൾ നൽകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. എന്നാൽ, ഇപ്പോൾ ഇതാ വിനോദ സഞ്ചാരികളുടെ വാഹനത്തെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ഒരു കാട്ടുകൊമ്പൻ്റെ ഭയപ്പെടുത്തുന്ന വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.
ഭീമാകാരമായ കൊമ്പുകളുമായി വിനോദ സഞ്ചാരികളെ ആക്രമിക്കാൻ അതിവേഗം ഓടി വരുന്ന കാട്ടാനയാണ് വീഡിയോയിലുള്ളത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ ധൈര്യവും മനസാന്നിദ്ധ്യവുമാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വിനോദ സഞ്ചാരികളെ രക്ഷിച്ചത്. ആന പാഞ്ഞടുക്കുമ്പോൾ ഒട്ടും പേടി കൂടാതെ ഡ്രൈവർ വാഹനം സാവധാനം പിന്നിലേക്ക് മാറ്റുന്നു. ആന വേഗം കൂട്ടിയതോടെ ഡ്രൈവറും വാഹനം അതിവേഗത്തിൽ പിന്നിലേയ്ക്ക് ഓടിക്കുന്നത് വീഡിയോയിൽ കാണാം. വാഹനം ഓടിക്കുന്നതിൽ ചെറിയ പിഴവെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇവരെയെല്ലാം ആന ആക്രമിക്കുമായിരുന്നു. എന്നാൽ, സാധാരണ രീതിയിൽ വാഹനം പിന്നിലേയ്ക്ക് ഓടിച്ച ഡ്രൈവർ എല്ലാവരെയും സുരക്ഷിതരാക്കി.
This was apparently at the Kabini Reserve last Thursday. I hereby anoint the man at the wheel as the best Bolero driver in the world & also nickname him Captain Cool. pic.twitter.com/WMb4PPvkFF
— anand mahindra (@anandmahindra) September 12, 2022
വാഹനത്തെ ആക്രമിക്കാൻ പരമാവധി ശ്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നതാണ്. എന്നാൽ, വാഹനത്തിന് അടുത്തേയ്ക്ക് പരമാവധി ദൂരം ഓടിയ ആന അവസാനം പിന്തിരിഞ്ഞ് ആക്രോശത്തോടെ വീണ്ടും കാട്ടിലേയ്ക്ക് നടന്ന് കയറുകയാണ് ചെയ്തത്. കുറച്ചുകാലം മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും ഇതേ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കണ്ട നിരവധി പേരാണ് ഡ്രൈവറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. വാഹനത്തിന് ഉള്ളിലുള്ള കണ്ണാടിയിൽ നോക്കി അസാധ്യമായ രീതിയിലാണ് ഡ്രൈവർ വാഹനം പിന്നിലേയ്ക്ക് ഓടിച്ചതെന്ന് വീഡിയോ കണ്ടവർ പറയുന്നു.
ഇന്ത്യയിലെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ട്വിറ്ററിലൂടെ ഡ്രൈവറെ പ്രശംസിച്ചു എന്നതാണ് സവിശേഷത. ആനയുടെ ആക്രമണത്തിൽ നിന്ന് സുരക്ഷിതമായി വാഹനം ഓടിച്ച ഡ്രൈവറാണ് മികച്ച 'ക്യാപ്റ്റൻ കൂൾ' എന്ന് അദ്ദേഹം പറഞ്ഞു. കബനി വനത്തിൽ വെച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. പ്രകാശ് എന്നയാളാണ് വാഹനം ഓടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...